Join The Community

Search

Thursday, January 6, 2011

മതതീവ്രവാദത്തിനെതിരെ ജാഗ്രത്താവുക

കേരളത്തിന്റെ സമൂഹമന:സാക്ഷിയെ ഏറ്റവും നടുക്കിയ കിരാതമായ നടപടിയാണ് അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവം. അദ്ധ്യാപകന്‍ ചെയ്ത തെറ്റിന്റെ പ്രതികാരം മാത്രമായി അതിനെ ചുരുക്കിക്കാണിക്കാനാണ് ചിലര്‍ തയ്യാറാകുന്നത്. എന്നാല്‍ കേരളത്തില്‍ മതതീവ്രവാദശക്തികള്‍ തങ്ങളുടെ നിഗൂഢലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി എന്തുംചെയ്യാന്‍ മടിയ്ക്കില്ലെന്ന അപകടംകൂടിയാണ്  അതുയര്‍ത്തുന്നത്.  കേരളീയ സമൂഹത്തില്‍ നിലനില്ക്കുന്ന മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഉലച്ചില്‍ സൃഷ്ടിക്കാന്‍ അടുത്തകാലത്തായി വലിയനീക്കങ്ങളാണ് വര്‍ഗ്ഗീയ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍ ഡി എഫ് എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ സമൂഹത്തില്‍ മതപരമായ ചേരിതിരിവുണ്ടാക്കാനും വിവിധ മതങ്ങള്‍തമ്മിലുള്ള പാരസ്പര്യവും സഹവര്‍ത്തിത്വവും തകര്‍ക്കാനും അങ്ങേയറ്റം ഹീനവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു.  ഏതുസമയവും  പ്രകോപനം സൃഷ്ടിയ്ക്കാനും മിന്നലാക്രമണം നടത്താനും ഒരുമടിയുമില്ലാത്തവരായി ഇക്കൂട്ടര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. എന്‍ ഡി എഫ് കേരളത്തില്‍ നടത്തിയ 19 കൊലപാതകങ്ങളും ഇത്തരത്തിലായിരുന്നുവെന്നത് തെളിയിക്കപ്പെട്ടതുമാണ്. 

നാദാപുരത്തെ ബിനുവിനെ ഇല്ലാത്ത ബലാത്സംഗകഥയുടെ കിംവദന്തിപരത്തി വെട്ടിക്കൊന്നതും പുനലൂരിലെ അഷറഫിനെ ബാപ്പയുടേയും ഉപ്പയുടേയും ഭാര്യയുടേയും പിഞ്ചുകുഞ്ഞിന്റേയും കണ്‍മുന്നിലിട്ട് വെട്ടിനുറുക്കിയ സംഭവവും, മഡിവൈഎഫ്‌ഐ പ്രവര്‍ത്തകനരായ കണ്ണൂര്‍ ജില്ലയിലെ  മട്ടന്നൂര്‍ ഉരുവചാലില്‍   കെ പി സജീവന്‍, ന്യൂമാഹിയിലെ യു കെ സലീം കക്കയങ്ങാട് ചാക്കാട്ടെ ദിലീപന്‍, ചിറക്കലിലെ ഒ ടി വിനീഷ്, തൃശ്ശൂര്‍ജില്ലയിലെ എ ബി ബിജേഷ് എന്നിവരെ കൊലപ്പെടുത്തിയതും തുടങ്ങി എല്ലാ കൊലപാതകങ്ങളും തീവ്രവാദമോഡല്‍ പൊടുന്നനെ നടത്തിയെ ആക്രമണമായിരുന്നു. ലോഡ്‌ഷെഡ്ഡിംഗ് സമയത്ത് തീവ്രവാദ ആക്രമണം ഓര്‍മ്മിപ്പിയ്ക്കുന്ന കൂട്ടക്കൊലപാതകമായിരുന്നു ഉരുവച്ചാലില്‍ എന്‍ ഡി എഫ് ലക്ഷ്യമിട്ടതെന്നത് വ്യക്തമായതാണ്. പെണ്‍കുട്ടികളെ ശല്യംചെയ്യാനുള്ള ഇവരുടെ ശ്രമം  തടഞ്ഞതിനായിരുന്നു ഇരുട്ടിനെ മറയാക്കിയുള്ള ഈ കൂട്ടക്കൊലപാതകശ്രമം. സജീവന്റെ ജീവന്‍കവര്‍ന്ന ഈ തീവ്രവാദസംഘത്തിന്റെ ആക്രമണത്തില്‍ അന്ന്  ഗുരുതരമായ പരിക്കേറ്റത് 11 പേര്‍ക്കായിരുന്നു. തിരുവനന്തപുരത്ത് പാങ്ങോട് മന്നാനിയാകോളേജിലും പുറത്തുമായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുനേരേയും എന്‍ ഡി എഫ് പ്രകോപനമില്ലാതെ പൊടുന്നനെ ആക്രമണം നടത്തിയ സംഭവവും ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനം മറനീക്കിപുറത്തുകൊണ്ടുവന്നതാണ്. പാങ്ങില്‍ ഐ ടി സിയില്‍ റംസാന്‍ വ്രതാനുഷ്ഠാനകാലത്ത് ഭക്ഷണം കഴിച്ച ഉദരരോഗിയായ ഷംസുദ്ദീനിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതും, മുസ്ലീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കാസര്‍ഗോട്ടെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണനെ ക്രൂരമായി കൊലപ്പെടുത്തിയതും, തിരുവില്ലാമലയില്‍ സക്കീര്‍ ഉപ്പാപ്പയെ ചികിത്സുടെ ഭാഗമായി അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നാരോപിച്ച് വെട്ടിക്കൊലപ്പെടുത്തിയതും എന്‍ ഡി എഫ് ക്രിമിനലിസത്തിന്റെ മറ്റുചില ഏടുകള്‍കൂടിയാണ്. മുസ്ലീംബഹുജനങ്ങള്‍ ഇതരമതസ്ഥരുമായി ഇടപെടാതിരിക്കണമെന്ന ഫത്‌വ ഈ തീവ്രവാദസംഘത്തിന്റെ നേതൃത്വത്തില്‍ അടിച്ചേല്പിക്കാനും ശ്രമിക്കുന്നു.   മാട്ടൂര്‍ ഗവ. ഹൈസ്‌കൂള്‍വിദ്യാര്‍ത്ഥികളുടെ പഠനയാത്രയും, തലശ്ശേരി മുബാറക് സ്‌കൂളിലെ പഠനയാത്രയും അന്യസമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോടൊപ്പം മുസ്ലീംകുട്ടികള്‍ യാത്രചെയ്യാന്‍ പാടില്ലെന്ന താലിബാന്‍  നിബന്ധനവെച്ച് തടസ്സപ്പെടുത്തിയയും നാടിനെ അപകടപ്പെടുത്തുന്ന ഇവരുടെ പ്രവര്‍ത്തനരീതി പുറത്തുകൊണ്ടുവന്നതാണ്.

യുവാക്കളെ മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് സ്വാധീനിക്കുകയും, വഴിതെറ്റിച്ച് തീവ്രവാദസംഘത്തിലെത്തിയ്ക്കുകയും ചെയ്യുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായി എന്‍ ഡി എഫ് പ്രവര്‍ത്തിയ്ക്കുന്നത് നേരത്തെതന്നെ പുറത്തുവന്ന വസ്തുതയാണ്.  മാതാപിതാക്കള്‍ക്കുപോലും സ്വന്തംമക്കളെ തള്ളിപ്പറയേണ്ടിവരുന്ന സ്ഥിതിയിലേക്ക് നാടിനും വീടിനും കൊള്ളാത്തവരാക്കി അവരെ മാറ്റിയ എന്‍ ഡി എഫിന്റെ രാജ്യജദ്രോഹപ്രവര്‍ത്തനം തെളിവുസഹിതം കണ്ടെത്തിയതുമാണ്. രാജ്യാന്തരഭീകരസംഘടനകളുമായി സൗഹൃദം സ്ഥാപിച്ച്  അവര്‍ക്ക്  യുവാക്കളെ എത്തിച്ചുകൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു കുപ്‌വാരാ സംഭവം. രാഷ്ട്രവിരുദ്ധശക്തികളുടെ കൈകളിലേക്ക്  യുവാക്കളെ എത്തിച്ചുകൊടുത്തുനടത്തിയ കടുത്ത രാജ്യദ്രോഹപ്രവര്‍ത്തനം, ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടിയ കുപ്‌വാര സംഭവം തെളിയിച്ചതാണ്. തടിയന്റെവിട നസീറും ഫയാസുമുള്‍പ്പെടെയുള്ളവര്‍ എന്‍ ഡി എഫിന്റെ  അനുസരണയുള്ള പ്രവര്‍ത്തകരായിരുന്നുവെന്നത് സമൂഹത്തില്‍ സംശയലേശ്യമേന്യേ വെളിവാക്കപ്പെട്ടതാണ്. അദ്ധ്യാപകത്തിന്റെ കൈപ്പത്തിവെട്ടിമാറ്റിയ സംഭവത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കണ്ടെത്തിയ ലഘുലേഖകളും ഉഗ്രശേഷിയുള്ള വിദേശനിര്‍മ്മിത ആയുധങ്ങളും ഈ സംഘടന രാജ്യത്തിന് എത്രമാത്രം ആപത്താണ് എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ്.  വാഗമണ്‍, പാനായിക്കുളം എന്നിവിടങ്ങളിലെ തീവ്രവാദക്യാമ്പിന്റെ തുടര്‍ച്ചയായി മൂവാറ്റുപുഴസംഭവത്തെ കാണണമെന്ന ഇന്റലിജന്‍സ്ബ്യൂറോയുടെ വെളിപ്പെടുത്തല്‍ ഏതൊരു മലയാളിയിലും അതീവഉത്കണ്ഠ ഉളവാക്കുന്നതുമാണ്. പരിപാവനമായ ആരാധനാലയങ്ങള്‍പോലും മതഭീകരവാദപ്രവര്‍ത്തനത്തിനായി തങ്ങളുടെ ആയുധസംഭരണ പരിശീലനകേന്ദ്രമാക്കി മാറ്റുന്നുവെന്നത് എടക്കാട് മഞ്ഞപ്രം പള്ളി കോമ്പൗണ്ടില്‍നിന്നും പിടിച്ചെടുത്ത ആയുധങ്ങളും വിഷലിപ്ത ആശയങ്ങളടങ്ങിയ ലഘുലേഖകളും വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ ഈ രാജ്യദ്രോഹപ്രവര്‍ത്തനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ പോപ്പുലര്‍ ഫ്രണ്ടായി എന്‍ ഡി എഫിന് പേരുമാറ്റം വരുത്തേണ്ടിവന്നത് എന്നതും യാഥാര്‍ത്ഥ്യമാണ്. സ്വന്തം നിലയ്ക്ക് ശിക്ഷവിധിച്ച്  കൈവെട്ടിമാറ്റിയ കഴിഞ്ഞ ദിവസത്തെ താലിബാന്‍മോഡല്‍ ആക്രമണവും, അന്വേഷണത്തില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഓരോ തെളിവുകളും ഈ സംഘടനയ്ക്ക് പേരുമാറ്റംമാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നകാര്യം ആവര്‍ത്തിച്ചുറപ്പിക്കുന്നു.

എന്‍ ഡി എഫിന്് കേരളത്തില്‍ വളരാന്‍ സര്‍വ്വവിധസഹായവും ചെയ്തുകൊടുത്ത പാപത്തില്‍നിന്ന് മുസ്ലീംലീഗിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നകാര്യം അവിതര്‍ക്കിതമാണ്. തള്ളക്കോഴി കുഞ്ഞുങ്ങളോടെന്നപോലെ ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ് എന്‍ ഡി എഫ്. പല ജില്ലകളിലേയും എന്‍ ഡി എഫ് പ്രവര്‍ത്തകരുള്‍പ്പെട്ട കേസുകള്‍  യു ഡി എഫ് ഭരണകാലത്ത്  മന്ത്രിമാരും ലീഗ് എം എല്‍ എമാരും ഇടപെട്ട് തള്ളിയതും, മാറാട് കലാപത്തില്‍ എന്‍ ഡി എഫിനുള്ള പങ്ക് മറച്ചുവെയ്ക്കാന്‍ ലീഗ്  ശ്രമിച്ചതും ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. കേരളത്തിലിപ്പോഴും പലയിടത്തും ലീഗിന്റെ സംരക്ഷണയിലാണ് എന്‍ ഡി എഫ് പ്രവര്‍ത്തിക്കുന്നത്. നാടിനെ കുരുതികൊടുക്കുന്ന  എന്‍ ഡി എഫ് എന്ന ഭീകരവാദസംഘത്തെ ശക്തമായ ഭാഷയില്‍ എതിര്‍ക്കാനോ, ഈ അക്രമിസംഘത്തിനെതിരെ പ്രചാരം നടത്താനോ മുസ്ലീംലീഗും യു ഡി എഫും ഇപ്പോഴും തയ്യാറാകുന്നില്ല എന്നതും,  മുന്നണിയിലില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയായി പ്രവര്‍ത്തിയ്ക്കുന്നവരാണ് യു ഡി എഫും എന്‍ ഡി എഫും എന്നതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചതുള്‍പ്പെടെ ഇക്കാര്യം നേരത്തേതന്നെ പുറത്തുവന്ന വസ്തുതയുമാണ്.  ഇത്തരം തീവ്രവാദ-വര്‍ഗ്ഗീയസംഘത്തിന്റെ നീക്കങ്ങള്‍ക്ക് അരുചേര്‍ന്നുനില്ക്കുന്ന നിലപാടാണ് കേരളത്തിലെ യു ഡി എഫ് നേതൃത്വം സ്വീകരിക്കുന്നതെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പോപ്പുലര്‍ഫ്രണ്ട് എന്ന എന്‍ ഡി എഫിനെ പേരെടുത്ത് വിമര്‍ശിക്കാന്‍പോലും ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും സാധിയ്ക്കാത്തതും ഈ സംഘത്തിന്റെ  തീവ്രവാദപ്രവര്‍ത്തനംപോലെതന്നെ അപകടകരമാണെന്ന് കേരളജനത തിരിച്ചറിയുന്നുണ്ട്.

അതോടൊപ്പംതന്നെ ഇതരആശയത്തില്‍ വിശ്വസിക്കുന്നതും പ്രചരിപ്പിയ്ക്കുന്നതും മതവിരുദ്ധമാണെന്നമട്ടില്‍ കഴിഞ്ഞകുറേകാലങ്ങളായി ഒരു ചെറുവിഭാഗം ക്രൈസ്തവപുരോഹിതര്‍ നടത്തുന്ന പ്രചരണങ്ങളും സമൂഹം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇതരമതസ്ഥരേയും അവരുടെ ആചാരാനുഷ്ടാനങ്ങളേയും ആദരിയ്ക്കുകയും വിലമതിയ്ക്കുകയും ചെയ്യുന്ന ഒരു പൊതുബോധത്തില്‍നിന്ന് തങ്ങളുടേതല്ലാത്ത എന്തിനേയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന  അപകടകരമായ മാനസികാവസ്ഥ സമൂഹത്തില്‍  വളര്‍ത്തിയെടുക്കാന്‍ വര്‍ഗ്ഗീയശക്തികള്‍ വളരെ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തട്ടം ധരിച്ചുവരുന്ന വിദ്യാര്‍ത്ഥിനികളെ ചില സ്‌കൂളുകളില്‍നിന്ന് പുറത്താക്കിയ വിചിത്രകരമായ നടപടിയും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗ്ഗീയശക്തികളുടെ സങ്കുചിതവും ആത്മഹത്യാപരവുമായ ശ്രമങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും മതേതരസമൂഹം ഒന്നാകെയും ഉണര്‍ന്ന് പ്രവര്‍ത്തിയ്‌ക്കേണ്ടതുണ്ട്.

കാരുണ്യവും സഹജീവികളോടുള്ള സ്‌നേഹവുമാണ് എല്ലാമതങ്ങളും മുന്നോട്ടുവെയ്ക്കുന്നത്. യഥാര്‍ത്ഥ വിശ്വാസിക്ക് വര്‍ഗീയവാദിയാകാനോ,  തീവ്രവാദപ്രവര്‍ത്തനം ഏറ്റെടുക്കാനോ കഴിയില്ല. വിശ്വാസത്തിന്റെ മറവില്‍ വിശ്വാസികളെ വര്‍ഗീയ-തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക്  വഴിതെറ്റിക്കുകയും, വീടിനും നാടിനും കൊള്ളാത്തവരാക്കി അവരെ മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനം ഏതു ഭാഗത്തുനിന്നുണ്ടായാലും അത് ചെറുക്കപ്പെടേണ്ടതാണ്. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍  നടത്തുന്ന  എല്ലാനീക്കങ്ങള്‍ക്കെതിരേയും യോജിച്ച പ്രതിരോധം ആവശ്യവുമാണ്.  ഈ സാഹചര്യത്തില്‍ സമൂഹത്തെ മതപരമായും സാമുദായികമായും വേര്‍തിരിക്കാനുള്ള വര്‍ഗ്ഗീയ-തീവ്രവാദസംഘങ്ങളുടെ സങ്കുചിതവും അപകടകരവുമായ നീക്കങ്ങളെ തുറന്നെതിര്‍ക്കാനും പ്രതിരോധിക്കാനും വിശ്വാസികളും മതേതരസമൂഹം ഒന്നാകെയും ഉണര്‍ന്ന് പ്രവര്‍ത്തിയ്‌ക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനായി യുവജനങ്ങള്‍ രംഗത്തിറങ്ങുക

പരിസ്ഥിതിയെ സംരക്ഷിയ്‌ക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. ഒരു ഓര്‍മ്മപ്പെടുത്തല്‍പ്പോലെ ഇത് ആവര്‍ത്തിയ്‌ക്കേണ്ട സാഹചര്യംകൂടിയാണ് നിലവിലുള്ളത്. മനുഷ്യന്റെ തെറ്റായ ഇടപെടല്‍മൂലം അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണം. പ്രകൃതിജന്യനീര്‍ച്ചാലുകളും മണ്ണിന്റെ ഈര്‍പ്പവും ആവാസവ്യവസ്ഥയുമെല്ലാം തകരാറിലായിരിക്കുന്നു. ചുട്ടുപൊള്ളുന്ന ഭൂമിയും അപകടത്തിലാകുന്ന മനുഷ്യജീവിതവുമാണ് നിലവിലുള്ള അവസ്ഥ. ഇവിടെ, ഭൂമിയ്ക്ക് നഷ്ടമായ ഹരിതാഭമാര്‍ന്ന പ്രതലം തിരിച്ചുകൊണ്ടുവരിക എന്നതാണ് ആഗോളതാപനം കുറയ്ക്കാനുള്ള പ്രധാനപോംവഴി. ഈ പശ്ചാത്തലത്തിലാണ് ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കുമെതിരായ സാദ്ധ്യമായ പ്രതിരോധം സംഘടിപ്പിയ്ക്കുക എന്ന ഉത്തരവാദിത്തം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്നത്. ജനുവരി 08 മുതല്‍ 11 വരെ തിരുവനന്തപുരത്തുനടന്ന ഡിവൈഎഫ്‌ഐ പതിനൊന്നാംസംസ്ഥാനസമ്മേളനം ഇക്കാര്യങ്ങള്‍ വിലയിരുത്തുകയും പരിസ്ഥിതിസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമ്മേളനം കൈക്കൊണ്ട ഈ തീരുമാനമാണ് ലോകപരിസ്ഥിതിദിനത്തില്‍ ലക്ഷക്കണക്കിന് വൃക്ഷതൈകള്‍ കേരളമാകെ വച്ചുപിടിപ്പിച്ചും മറ്റുപരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും യുവജനങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്.

വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്ന ജനവിരുദ്ധനിലപാടുകള്‍ പരിസ്ഥിതിപ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നു. മനുഷ്യരാശിയുടെ നിലനില്പ്പിനെബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമായി കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മാറിയിട്ടും അത് പരിഹരിയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഒത്തുചേര്‍ന്ന കോപ്പണ്‍ഹേഗിലെ ഉച്ചകോടി തീരുമാനമാകാതെ അട്ടിമറിയ്ക്കപ്പെട്ടതും അമേരിക്കന്‍ നേതൃത്വത്തിലുള്ള വികസിതമുതലാളിത്തരാഷ്ട്രങ്ങള്‍ കൈക്കൊണ്ട സമീപനത്തിന്റെ ഭാഗമായിരുന്നു. അമേരിക്ക കൈക്കൊണ്ട നിലപാടുകളോട് സന്ധിചെയ്യുന്ന സമീപനമാണ് രാജ്യത്തെ യു പി എ സര്‍ക്കാരും കൈക്കൊണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഈ നിലപാട് വ്യാപകമായി അപലപിക്കപ്പെട്ടതാണ്. ലോകജനസംഖ്യയുടെ പതിനേഴുശതമാനം വരുന്ന വികസിതരാഷ്ട്രങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനതോത് 74 ശതമാണ്. ഇതില്‍ 5 ശതമാനം മാത്രം ജനസംഖ്യയുള്ള അമേരിക്ക പുറംന്തള്ളുന്നത് 29 ശതമാനം കാര്‍ബണാണ്. ഈ വസ്തുത അവഗണിച്ചുകൊണ്ടാണ് ഹരിതഗൃഹവാതകതോത് കുറയ്ക്കുന്നതില്‍ വികസിതരാഷ്ട്രങ്ങള്‍ക്കുതുല്യമായ ഉത്തരവാദിത്തം വികസ്വര-അവികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ വാദമുയരുന്നത്. മാനവരാശിയുടെ നിലനില്പ്പ് അപകടത്തിലാക്കുന്ന വികസിതരാഷ്ട്രങ്ങളുടെ നിരുത്തരവാദപരമായ നടപടികള്‍ തുറന്നുകാണിക്കപ്പെടേണ്ടത് പരിസ്ഥിതിപ്രവര്‍ത്തനത്തിന്റെ മുന്നുപാധിയാണ്.

പരിസ്ഥിതിയ്ക്കും പ്രകൃതിവിഭവങ്ങള്‍ക്കും നേരിടുന്ന നാശം കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുന്നു. മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ചൂഷണം, ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് വസ്തുക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ഉപയോഗം, പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്.

'ഭൂമിയ്ക്കായ് ഒരാള്‍ഒരുമരം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ എറ്റെടുക്കുന്ന വിപുലമായ പരിസ്ഥിതിസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അയ്യായിരം പരിസ്ഥിതി സൗഹൃദസദസ്സുകള്‍ സംഘടിപ്പിക്കും. ജൂണ്‍ 01 മുതല്‍ 30 വരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പരിസ്ഥിതിസംരക്ഷണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുക. ഇതിനുപുറമെ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതിസമ്മേളനങ്ങള്‍ പതിനാലുജില്ലകളിലും വിളിച്ചുചേര്‍ക്കും. ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 ഹരിതദിനമായാണ് സംസ്ഥാനത്താകെ ഡിവൈഎഫ്‌ഐ ആചരിക്കുന്നത്. ഈ ദിനത്തില്‍ കാല്‍ലക്ഷത്തോളംവരുന്ന ഡിവൈഎഫ്‌ഐ യൂണിറ്റുകളില്‍ പത്തുവീതം വൃക്ഷതൈകള്‍ നട്ടുപിടിപ്പിയ്ക്കും. പരിസ്ഥിതിസംരക്ഷണമാസാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണക്ലാസ്സുകള്‍, പരിസ്ഥിതിസംരക്ഷണസന്ദേശയാത്രകള്‍, പരിസ്ഥിതിസംരക്ഷണത്തിന്റെ അനിവാര്യത നേരിട്ട് ബോധ്യപ്പെടുത്തുന്ന ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ഥവും വിപുലവുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നുണ്ട്.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുവേണ്ടി പ്രകൃതിയിലെ അസന്തുലിതാവസ്ഥ പരിഹരിയ്ക്കാന്‍ ഇടപെടുക എന്നത് വര്‍ത്തമാനകാലത്തെ അനിവാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഇത് തിരിച്ചറിഞ്ഞ് ഡിവൈഎഫ്‌ഐ നേതൃത്വത്തിലേറ്റെടുക്കുന്ന പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് മുഴുവനാളുകളോടും ഡിവൈഎഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയ്ക്കുവേണ്ടി അഭ്യര്‍ത്ഥിയ്ക്കുന്നു.