കോണ്‍ഗ്രസ് (ഇ) ക്കും ബി.ജെ.പിക്കുമെതിരായ സമരം - ഇടതുപക്ഷ - മതേതര - ജനാധിപത്യശക്തികള്‍ അതിലാണ് ഏര്‍പ്പെട്ടിട്ടുള്ളത് - രണ്ട് പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു: ജാതീയതയും മതപരമായ വര്‍ഗീയതയും. രണ്ടും അന്യോന്യം വ്യതിരക്തങ്ങളാണെന്നതു പോലെതന്നെ പരസ്പര ബന്ധിതവുമാണ്; കാരണം അവ രണ്ടും ദേശീയതയുടെയും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിഷേധമാണ്.
ഈ പ്രശ്‌നം ശരിയായി മനസ്സിലാക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ 1964-ലെ പരിപാടി പരിശോധിക്കേണ്ടിയിരിക്കുന്നു. ജാതീയത, മതപരമായ വര്‍ഗീയത, ഗോത്രപരമായ വിഭജനവാദം, പ്രാദേശികവാദം, ഭാഷാവാദം തുടങ്ങിയ ഛിദ്രവിഭജനവാദശക്തികളെ കടപുഴക്കിയെറിയാതെയാണ് ഇന്ത്യയില്‍ മുതലാളിത്തം വികസിക്കുന്നത് എന്നതാണ് ഇന്ത്യന്‍ വിപ്ലവത്തെ സംബന്ധിച്ചിടത്തോളം മുഖ്യപ്രശ്‌നമെന്ന് അതില്‍ സുവ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
യൂറോപ്യന്‍ ബൂര്‍ഷ്വാവിപ്ലവങ്ങളെയും ഇന്ത്യന്‍ വിപ്ലവത്തെയും അതില്‍ താരതമ്യപ്പെടുത്തുന്നുണ്ട്. നാടുവാഴിത്ത സമൂഹത്തിലെ കാലഹരണപ്പെട്ടതും ജീര്‍ണിച്ചതുമായ എല്ലാറ്റിനുമെതിരെ നിരന്തരവും വിജയകരവുമായ സമരത്തിലൂടെയാണ് ധ്യത്തേതില്‍ ബൂര്‍ഷ്വാവര്‍ഗം ആവിര്‍ഭവിച്ചത്. 1879-ലെ ഫ്രഞ്ച് വിപ്ലവവും പിന്നീട് നടന്ന ഇതര യൂറോപ്യന്‍ വിപ്ലവങ്ങളും നാടുവാഴിത്ത അധീശവര്‍ഗങ്ങള്‍ക്ക് ഗ്രാമീണ സമൂഹത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം പരിപൂര്‍ണമായി തകര്‍ത്തു.
നേരെമറിച്ച്, ഇന്ത്യയില്‍ പഴയതിനെ തകര്‍ക്കുക എന്ന ജോലി നിറവേറ്റപ്പെട്ടില്ല. ഒന്നര നൂറ്റാണ്ടുകാലം രാജ്യത്ത് ആധിപത്യം ചെലുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളോ, അവരെ പിന്തുടര്‍ന്ന ഇന്ത്യന്‍ ബൂര്‍ഷ്വാസിയോ രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാംസ്‌കാരിക ഘടന തകര്‍ത്തില്ല; അങ്ങനെ ജാതീയത, വര്‍ഗീയത എന്നിവയുടെയും വിഭജനത്തിന്റെ ഇതരരൂപങ്ങളുടേതുമായ ശക്തികളുടെ ഒരു സമ്മിശ്രരൂപം ഉയര്‍ന്നുവരാന്‍ ഇടയാക്കി.
അതിനാല്‍, ഇന്ത്യന്‍ ജനസാമാന്യത്തിന്റെ ജീവിതത്തില്‍ നാടുവാഴി വര്‍ഗങ്ങള്‍ക്കുള്ള ആധിപത്യത്തിന് അറുതിവരുത്തുയും, നാടുവാഴിത്ത സമൂഹം പൂര്‍ണമായി വിപാടനം ചെയ്യപ്പെട്ടതിനുശേഷം, ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്ക് അനന്തര പരിവര്‍ത്തനത്തിനുള്ള അടിത്തറ വികസിപ്പിക്കുകയും ചെയ്യുന്ന ബൂര്‍ഷ്വാവിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കുകയെന്നത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ജോലിയാണെന്ന് ഞങ്ങളുടെ പാര്‍ട്ടി സുവ്യക്തമാക്കി.
പാര്‍ടി പരിപാടിയിലെ അടിസ്ഥാനപരമായ ഈ കാഴ്ചപാട് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍, ''എല്ലാ ലിഖിത ചരിത്രവും വര്‍ഗസമരത്തിന്റെ ചരിത്രമാണെ'' ന്ന മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും സിദ്ധാന്തം ഇന്ത്യയ്ക്കും ബാധകമാണോ എന്ന പ്രശ്‌നം നാം പരിശോധിക്കേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റുകാര്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന ചിലര്‍, മാര്‍ക്‌സിസ്റ്റ് വര്‍ഗസമര സിദ്ധാന്തം ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കു ബാധകമല്ലെന്ന് വാദിക്കുന്നുണ്ട്. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിന്റെ ശരിയായ രൂപമാണോ ഇത്?
വര്‍ഗങ്ങളുടെയും വര്‍സസമൂഹത്തിന്റെയും നിയതമാതൃകകളില്ല എന്നതാണ് മറുപടി. ഇന്ത്യയില്‍ ആവിര്‍ഭവിക്കുകയും വികസിക്കുകയും ചെയ്ത വര്‍ഗസമരത്തിന്റെ മൂര്‍ത്തരൂപമായിരുന്നു ജാതി വ്യവസഥയുടെ ആവിര്‍ഭാവവും തുടര്‍ന്നുള്ള പരിണാമവും. അതോടൊപ്പം മതപരമായ സാമുദായികതയുടെ പ്രത്യയശാസ്ത്രവും ആചാരങ്ങളും ഇന്ത്യയിലെ പ്രാചീന വര്‍ണവ്യവസ്ഥയും പിന്നീട് ജാതികളും ഉപജാതികളുമായി വ്യാപിപ്പിച്ചതും അതോടൊപ്പം സാമൂഹ്യ-സാമ്പത്തികഘടനയില്‍ ആധിപത്യം കയ്യടക്കിയ ജന്മിനാടുവാഴിത്തത്തിന്റെ ആവിര്‍ഭാവവും, വര്‍ഗങ്ങളും വര്‍ഗസമരവും വളര്‍ന്നുവന്നതിന്റെ ഇന്ത്യന്‍ രീതിയായിരുന്നു.
കേരളത്തിലെ ഫ്യൂഡല്‍ വര്‍ഗാധിപത്യത്തിന്റെ സ്വഭാവവിശേഷം, ''ബ്രാഹ്മണരുടെ നേതൃത്വത്തിലുള്ള മേല്‍ജാതിക്കാര്‍ എല്ലാ ജാതികളുടെയും മേല്‍ ആധിപത്യം സ്ഥാപിച്ചതും, ഗ്രാമീണ ജനസാമാന്യത്തിനുമേല്‍ ജന്മി-നാടുവാഴി ഭൂപ്രഭുക്കള്‍ ആധിപത്യം സ്ഥാപിച്ചതും, നാടുവാഴികളും രാജാക്കന്മാരും ഭരണകൂട-രാഷ്ട്രീയാധിപത്യം സ്ഥാപിച്ചതുമാണെന്ന് 1947-ല്‍ ഞാനെഴുതിയ ഒരു ഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അതിനാല്‍ ജാതിപ്രതിഭാസത്തെ അവഗണിക്കുകയോ ഇതര സാമൂഹ്യശക്തികളുടെ പങ്ക് കുറച്ചുകാണുകയോ ചെയ്യുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതായിരിക്കില്ല. ഒരു വശത്ത് ദേശീയതയ്ക്കും, മറുവശത്ത് ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ജന്മമേകിയത് ഈ മറ്റു ശക്തികളാണ്.
ആധുനിക രാഷ്ട്രവും തൊഴിലാളിവര്‍ഗവുമെന്ന ആശയം നിഷേധിക്കുന്നതാണ് ജാതീയതയും മതപരമായ വര്‍ഗീയതയും. ഒരു രാഷ്ട്രീയശക്തിയായി സംഘടിപ്പിക്കപ്പെടുന്ന ജാതിയോ മസസമുദായമോ ആണ് അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമാകുന്നത്. ആധുനിക ഇന്ത്യന്‍ ദേശീയതയ്ക്കും, എല്ലാ ജാതികളിലും സമുദായത്തിലുംപെട്ട അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ വര്‍ഗപരമായ ഐക്യദാര്‍ഢ്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. (ഇപ്പോഴും അതുയര്‍ത്തുന്നു) ജാതിസംഘടനകളും ജാത്യാധിഷ്ഠിത രാഷ്ട്രീയകക്ഷികളും സംഘടനകളും മതസമുദായങ്ങളെ അടിസ്ഥാനപ്പെടുത്തിയ കക്ഷികളുമാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ആവിര്‍ഭവിച്ചപ്പോള്‍ തുടക്കത്തില്‍ അത് ഇന്ത്യന്‍ ജനതയുടെയാകെ - അവര്‍ ഏതു ജാതിയില്‍പ്പെട്ടവരെന്നോ വിശ്വസിക്കുന്ന മതസമുദായമേതെന്നോ ഉള്ള ഭേദമില്ലാതെ - പ്രസ്ഥാനമായിരുന്നു. എങ്കിലും പിന്നീട് പ്രസ്ഥാനം വികസിച്ചതോടെ, വിഭാഗീയ വാദപ്രസ്ഥാനങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി - ആദ്യം മുസ്ലീങ്ങളുടേതും (ആള്‍ ഇന്ത്യാ മുസ്ലീംലീഗ്) പിന്നീട് ഇതര മതസമുദായങ്ങളുടെയും ജാതികളുടേതും.
തങ്ങള്‍ക്ക് വളരെയേറെ പ്രയോജനകരമായ ഒന്നായി ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ സംഭവവികാസത്തെ കണ്ടു. അതിനാല്‍ അവര്‍ ഈ ജാതി-സമുദായസംഘടനകളെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സ്വാതന്ത്ര്യപ്രസ്ഥാനത്തിനെതിരെ തിരിച്ചുവിട്ടു. മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനും ഹിന്ദുഭൂരിപക്ഷമായ ഇന്ത്യന്‍ യൂണിയനുമായി ഇന്ത്യ ഒടുവില്‍ വിഭജിക്കപ്പെടുന്നതിലേക്കു നയിച്ചത് ഇതാണ്.
ഇതര സമുദായങ്ങളുടെ (പ്രത്യേകിച്ചും ക്രിസ്ത്യാനികള്‍, സിഖുകാര്‍) മാത്രമല്ല വിവിധ മേല്‍-കീഴ് ജാതി ഹിന്ദുക്കളുടെ സംഘടനകളും പാര്‍ട്ടികളും ഇതോടൊപ്പം രൂപംകൊണ്ടു. ഇങ്ങനെ ജാതി-സമുദായാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനത ഭിന്നിച്ചത് പൂര്‍ണമായി മുതലെടുത്ത ബ്രിട്ടീഷ് ഭരണാധികള്‍ ഇന്ത്യ വിടണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ, ബ്രിട്ടീഷ് ഭരണാധികാരികള്‍ 'ഇന്ത്യയെ വിഭജിച്ച് വിട്ടുപോകണ'മെന്ന ആവശ്യമുന്നയിച്ച് എതിര്‍ത്ത മുസ്ലീംലീഗിന് പ്രോത്സാഹനമേകി. മുസ്ലീം ജനസാമാന്യത്തിന്റെ വ്യാപകമായ പിന്തുണ അതിനുണ്ടായിരുന്നത്, ഇന്ത്യയുടെ ഭാഗമായിരുന്ന രണ്ട് രാജ്യങ്ങള്‍ സാമുദായികാടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സഹായകമായി.
ഹിന്ദുസമുദായത്തിലെ കീഴ്ജാതിക്കാരും ഇതുപോലെ സംഘടിപ്പിക്കപ്പെട്ടിരുന്നു. പക്ഷെ രാജ്യത്തിലുടനീളമായി അവ ചിതറിക്കിടന്നിരുന്നതിനാല്‍ (പാകിസ്താന്റെ കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് സാധിച്ചതുപോലെ) പ്രത്യേക ഭൂഭാഗമടങ്ങിയ ഏകരൂപമായ രാജ്യം ആവശ്യപ്പെടാന്‍ അവയ്‌ക്കൊന്നിനും സാധിച്ചില്ല.
സാമുദായികാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങള്‍, ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം, ഒരു ആര്‍.എസ്.എസ് യുവാവിന് മഹാത്മാഗാന്ധിയെ കൊലചെയ്യാന്‍ കഴിയത്തക്കവിധത്തില്‍ ഹൈന്ദവ സങ്കുചിതത്വവാദികള്‍ക്കു കരുത്ത് ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ചു. അദ്ദേഹം (മഹാത്മാ) മുസ്ലീങ്ങളോട് പക്ഷപാതം കാണിച്ചുവെന്നും ഹിന്ദുക്കള്‍ക്ക് എതിരായിരുന്നുവെന്നും ആരോപിക്കപ്പെട്ടു.
വിജയകരമായ ആ പദ്ധതിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള വര്‍ഷങ്ങളില്‍ സാമുദായിക രാഷ്ട്രീയാടിസ്ഥാനത്തില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും സിഖുകാരുടെയും ക്രൈസ്തവരുടെയും സാമുദായിക ദൃഢീകരകരണത്തിലേക്ക് നയിച്ചു. വിഭാഗീയ സംഘടനകള്‍ ഉന്നയിച്ച വിഭാഗീയ ആവശ്യങ്ങളെ ഹിന്ദുസമൂഹത്തിലെ മേല്‍-കീഴ് ജാതികളിലും അതുപോലെ മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രൈസ്തവര്‍ മുതലായ മതന്യൂനപക്ഷങ്ങളിലുംപെട്ട വിപുലമായ സാമാന്യജനങ്ങള്‍ പിന്താങ്ങുന്നുണ്ട്.
ജാതീയതയുടെയും മതവര്‍ഗീയതയുടെയും ശിഥിലീകരണം വിഭജനവാദ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ പ്രക്ഷോഭത്തിലൂടെയും പ്രചാരണത്തിലൂടെയും നേരിടാന്‍ കഴിയുമെന്നാണ് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ (അവരില്‍ ഏറ്റവും ഉന്നതനായ മഹാത്മാഗാന്ധി ഉള്‍പ്പെടെ) കരുതിയത്. അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനങ്ങള്‍ക്കിടയില്‍നിന്നും - പട്ടിക ജാതിക്കാര്‍, പട്ടികവര്‍ഗ്ഗങ്ങള്‍, ഹിന്ദു സമൂഹത്തിലെ മറ്റു പിന്നോക്ക ജാതിക്കാര്‍ എന്നിവരും മതന്യൂനപക്ഷങ്ങളും - വിശേഷിച്ച് മുസ്ലീം,സിഖ്, ക്രിസ്ത്യന്‍ - ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വേരുകള്‍ പിഴുതുമാറ്റാതെ രാഷ്ട്രീയപ്രക്ഷോഭവും പ്രചാരണവും കൊണ്ട് ഫലമില്ലെന്നാണ് മറുവശത്ത് മാര്‍ക്‌സിസ്റ്റുകാര്‍ വിശ്വസിച്ചത്. മര്‍ദിത സമുദായങ്ങള്‍ നേരിടുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും, അതോടൊപ്പം എല്ലാ ജാതികളിലും മതസമുദായങ്ങളിലുംപെട്ട അധ്വാനിക്കുന്ന ജനങ്ങളെ അണിനിരത്തിയുള്ള വര്‍ഗസമരം ചിട്ടയായി സംഘടിപ്പിക്കുകയും ചെയ്യുന്ന ഉദ്ഗ്രഥിത പരിപാടികൊണ്ടു മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ.
Join The Community