ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായി മാധ്യമങ്ങള്‍ വാഴ്ത്തിയ 'റോഡ്‌ഷോ', തട്ടുകടയിലെ ഭക്ഷണവും വ്യോമസേനാ വിമാനത്തിലെത്തിയ സഫാരികാറും ഒക്കെയായി അല്പനേരം ആരവം സൃഷ്ടിച്ച സോപ്പുകുമിളപോലെ പൊട്ടിത്തകര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയകുടുംബത്തിലെ ക്രോണിക് ബാച്ചിലറായ ഈ ഇളമുറത്തമ്പുരാന്‍ 'സെല്‍ഫ് മാര്‍ക്കറ്റിംഗില്‍' ആചാര്യ പദവി നേടിക്കഴിഞ്ഞു. ഫൈവ് സ്റ്റാര്‍ ജീവിതവും തറനിരപ്പിലുള്ള ചിന്തയും കേരളീയയുവത്വവുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ മടങ്ങിയത്. അദ്ദേഹത്തിന്റെ ചിന്താശകലങ്ങള്‍ ഭാവികേരളത്തിന്റെ അടിത്തറയാകുമെന്ന് ഒരുപത്രമുത്തശ്ശി പുലമ്പുകയുണ്ടായി. അദ്ദേഹം ഇന്ത്യയെ രണ്ടായി വിഭജിച്ചു. ഒന്ന്-സാധാരണക്കാരന്റെ ഇന്ത്യ, രണ്ട് പ്രൊഫഷണലുകളുടെ ഇന്ത്യ. കൈയ്യടിക്കുവേണ്ടിയാണെങ്കിലും ചിലയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം തുറന്നുപറയാന്‍ തയ്യാറായി. ഈ വിഭജനം ഒരു ഗവേഷണപ്രബദ്ധത്തിന് വക നല്കുന്നുണ്ട്. അന്തംവിട്ട ആഗോളവത്ക്കരണം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശതകോടി ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് എന്തുപ്രതീക്ഷയാണ് രാഹുല്‍ നല്‍കുന്നത്? 35 കോടിയോളം ചെറുപ്പക്കാര്‍ മാസം 500 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ്. 7 കോടി കുട്ടികള്‍ സ്‌കൂളിന്റെ തിരുമുറ്റം കാണുന്നില്ല. ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
ഐക്യരാഷ്ട്രസഭയുടെ വികസനസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പടിപടിയായി പിന്നോട്ടെക്കുപോയി ഇപ്പോള്‍ 131-ാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം വിശപ്പ് അനുഭവിക്കുന്നവര്‍ അധിവസിക്കുന്നത് ഇന്ത്യയിലാണ്. ആഗോളവിശപ്പ് സൂചികയില്‍ (world Hunger Index) എത്യോപിയ്ക്കും പിന്നിലാണ് ഇന്ത്യ. ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യം ഇപ്പോഴും തീരാശാപമായി തുടരുന്നു.
വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യയ്ക്ക് പരിഹാരമില്ല. 1/2 മണിക്കൂറില്‍ ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഭാര്യമാരെ വിറ്റ് അഷ്ടിക്കുവകതേടുന്നതായുള്ള വാര്‍ത്ത സൃഷ്ടിച്ച ഞെട്ടലില്‍ നിന്നും ഇന്നും രാജ്യം മുക്തരായിട്ടില്ല. ആം ആത്മിഎന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയിലെ മുഖവായ കത്തിന് എന്തു സംഭവിച്ചു എന്ന് രാഹുല്‍ ചിന്തിക്കണം.
ആകാശസഞ്ചാരവും റോഡ്‌ഷോയുമായി ഊരുചുറ്റുമ്പോള്‍ ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിസദ്ധികള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമുള്ള പദ്ധതികള്‍ നിര്‍ദ്ദേശിക്കാനെങ്കിലും രാഹുലിന് കഴിയണമായിരുന്നു. അഭ്യസ്തവിദ്യരായ തൊഴിലില്ലാപ്പട ഏറ്റവുമധികം ഉള്ള രാജ്യമാണ് നമ്മുടേത്. ആഗോളവത്ക്കരണവും സ്വാതന്ത്രവ്യാപാരകരാറുകളുമെല്ലാം തകര്‍ന്നെരിഞ്ഞ കാര്‍ഷികമേഖലയ്ക്ക് തൊഴില്‍ പ്രധാനം ചെയ്യാനാകുന്നതല്ല. ഗ്രാമീണ ദാരിദ്ര്യം യുവാക്കളെ നഗരത്തിന്റെ പ്രാന്തങ്ങളിലേക്കും സംഘടിത കുറ്റകൃത്യങ്ങളിലേക്കും നയിക്കുകയാണ്. കൊടിയചൂഷണവും ഇച്ഛാഭംഗവും കടുത്ത അസംതൃപ്തിയും യുവമനസ്സുകളെ വേട്ടയാടുകയാണ്. ഇവരുടെ ജീവിതത്തെ സമുദ്ധരിക്കാന്‍ എന്തുപദ്ധതിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിനോട് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിക്കുന്നതെന്നറിയാന്‍ താല്പര്യമുണ്ട്.
സാമ്രാജ്യത്വ മുതലാളിത്ത വികസനം സൃഷ്ടിച്ച അരക്ഷിതാവസ്ഥ നഗരപ്രദേശങ്ങളില്‍ വന്‍ സാമൂഹ്യദുരന്തമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സകുടുംബ ആത്മഹത്യകള്‍ പെരുകുന്നു. ഉയരുന്ന ആത്മഹത്യാനിരക്ക് അമ്പരപ്പുളവാക്കുന്നു. ആത്മഹത്യകളില്‍ നല്ലൊരു ശതമാനത്തിലധികം 17-35 നും ഇടയില്‍ പ്രായമുള്ളവരാണ്. യുവജനങ്ങളുടെ അരക്ഷിതാവസ്ഥ ഇത് വെളിവാക്കുന്നു. സാമൂഹ്യസുരക്ഷിതത്വ സംവിധാനത്തില്‍ നിന്നും പിന്‍വാങ്ങിയും, തൊഴിലില്ലാവികസനം (Jobless growth ) സൃഷ്ടിച്ചും മുന്നേറുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളാണ് ഇത്തരം സമൂഹ്യദുരന്തങ്ങള്‍ തുടര്‍ക്കഥയാക്കുന്നത്.
രാഹുലിന്റെ സന്ദര്‍ശനം ടാലന്റ് സെര്‍ച്ചിന്റെ ഭാഗമാണ്. ജനകീയ നേതൃത്വം സ്വഭാവികമായും ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന രാഷ്ട്രീയ പര്‍ട്ടികള്‍ക്ക് നേതാക്കളുടെ ക്ഷാമമുണ്ടാകില്ല. ജനങ്ങളില്‍നിന്നും അന്യവല്ക്കരിക്കപ്പെട്ട ഒരു പാര്‍ട്ടിക്ക പ്രൊഫഷണല്‍ നേതൃത്വം ആവശ്യമാണ്. ഇന്ത്യയിലെ 2%ത്തിനുതാഴെ വരുന്ന പ്രൊഫഷണല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു പാര്‍ട്ടിക്ക് കോര്‍പ്പറേറ്റ് മാനേജര്‍മാരേപോലുള്ള മാറുവരുന്ന നേതാക്കളെയാണ് വേണ്ടത്.
അലിവില്ലാത്ത ഹൃദയമുള്ള പ്രൊഫഷണലുകളെ റിക്രൂട്ടുചെയ്യാന്‍ നടത്തുന്ന ടാലന്റ് സെര്‍ച്ച് ജനവിരുദ്ധവും ജനാധിപത്യത്തോടുള്ള അവഹേളനവുമാണ്. ഇന്ത്യന്‍ നാഷണല്‍ കോര്‍പ്പറേഷന്റെ സി ഇ ഒ തസ്തികയിലിരുന്ന് 'Dirty Salary' വാങ്ങി സേവനമനുഷ്ഠിക്കുന്ന രാഹുലിന്റെ സേവനം ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് തിരിച്ചറിയാനാകും. കോളേജുകളിലെ സന്ദര്‍ശനം തട്ടുകടയിലെ ചായകുടി, ദളിത് വീടുകളിലെ സന്ദര്‍ശനം എന്നിവ വിലകുറഞ്ഞ സെല്‍ഫ് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ്. മണിക്കൂറില്‍ 4 ലക്ഷം രൂപ ചെലവുവരുന്ന ചാര്‍ട്ടഡ് ഫൈ്‌ളറ്റില്‍ കറങ്ങിനടക്കുന്നയാള്‍ക്ക് ഒരു ദിവസത്തെ ദളിത്ഗൃഹശയനം വെറുമൊരു ഗിമ്മിക്കാണെന്ന് മനസ്സിലാക്കുവാന്‍ സ്വബോധമുള്ളവര്‍ക്ക് ബാധിക്കും.
ഭാവിപ്രധാനമന്ത്രിയാകാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയക്കനുസരിച്ചുള്ള ഡ്രസ്സ് റിഹേഴ്‌സലാണ് ഇതെല്ലാമെന്ന് ഏത് രാഷ്ട്രീയ നിരീക്ഷകനും ബോധ്യമാകും. ഭാരതത്തിലെ ജനങ്ങള്‍ അര്‍ദ്ധപട്ടിണിക്കാരും അല്പവസ്ത്രധാരികളുമാണെന്ന് ബോധ്യപ്പെട്ട മഹാത്മാഗാന്ധി കോട്ടും സൂട്ടും ഊരിയെറിഞ്ഞ് അവരിലൊരാളായിമാറി ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞ ഈ ജനസ്‌നേഹമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. റോഡ് ഷോയ്ക്ക് ഇറങ്ങുംമുമ്പ് രാഹുല്‍ എന്റെ സത്യന്വേഷണ പരീക്ഷകളുടെ ആമുഖമെങ്കിലും വായിക്കണമായിരുന്നു.
കില്ലര്‍ ജീന്‍സും ആക്ഷന്‍ ഷൂസും ചുണ്ടില്‍ നാടന്‍ പാട്ടുമായി നാടുതെണ്ടുന്ന ചില പോസ്റ്റ്‌മോഡേണ്‍ നാടന്‍പാട്ട് കലാകാരനെയാണ് 'രാഹുല്‍ചിത്രം' ഓര്‍മ്മപ്പെടുത്തുന്നത്. യുവജനങ്ങളുടെ ഇന്ത്യനേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ പരിപാടികളോ മുന്നോട്ടുവയ്ക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥവുമില്ല. അവസരനിഷേധത്തെക്കുറിച്ച് തുറന്നടിച്ച രാഹൂല്‍ തന്റെ പാര്‍ട്ടിയുടെ നയങ്ങളാണ് ഇതിനിടയാക്കിയതെന്ന കാര്യം കൗശലപൂര്‍വ്വം വിസ്മരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ സാധാരണക്കാരനുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു എന്നു തെളിയിക്കാന്‍ അഴകിയ രാവണനുശേഷം കെട്ടി ഞാനൊരു വേദനിക്കുന്ന രാഷ്ട്രീയക്കാരനാണെന്നു രാഹൂല്‍ വിലപിക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് സംഘടിപ്പിക്കുന്ന സന്ദര്‍ശനങ്ങളും തട്ടുകടയിലെ ചായകുടിയും കുടിലിലെ താമസവുമൊക്കെ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കുടുംബാധിപത്യം നിലനിര്‍ത്താന്‍ മാധ്യമ അകമ്പടിയോടെ രാഹുല്‍കാട്ടുന്ന ഈ രാഷ്ട്രീയ ഗിച്ചിക്കുകള്‍ സത്യമായഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ അശ്‌ളീലമാണ്.
Sunday, January 9, 2011
ടാലന്റ് സെര്‍ച്ചും റോഡ്‌ഷോയും പിന്നെ രാഹുല്‍ഗാന്ധിയും
Posted by T V Rajesh on 1:08 AM. - No comments






0 comments:
Post a Comment