Join The Community

Search

Sunday, January 9, 2011

വിലക്കയറ്റം: യു ഡി എഫ് വാദവും വസ്തുതയും

രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. യു ഡി എഫ് നേതാക്കള്‍ കേരളത്തില്‍മാത്രമാണ് വിലക്കയറ്റമെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമം തുടരുമ്പോഴും, രാജ്യത്താകെ വിലക്കയറ്റമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് വിലക്കയറ്റത്തിനുകാരണം?. എല്ലാ മേഖലകളും കുത്തകകള്‍ക്ക് തീറെഴുതുന്ന നവലിബറല്‍നയം തന്നെയാണ് ഈ ദുരിതം രാജ്യത്ത് വിതച്ചത് ഈ ഘട്ടത്തില്‍പോലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരനുവേണ്ടി നിലപാട് സ്വീകരിക്കാനല്ല കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ പിന്തുടരുന്ന തെറ്റായ നയങ്ങളുടെ ഭാഗമായി രാജ്യത്താകെ വിലക്കയറ്റം രൂക്ഷമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ചില മാധ്യമങ്ങളെ കൂട്ടുചേര്‍ത്ത് യു ഡി എഫ് നടത്തുകയാണ്.


'ആം ആദ്മികേലിയേ'- (സാധാരണക്കാരനുവേണ്ടി) എന്ന ഈ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ കോണ്‍ഗ്രസ് കടുത്ത ജനദ്രോഹനടപടികളാണ് തുടരുന്നത്. എണ്ണയുടെ വില യുക്തിസഹമായ രീതിയില്‍ പുന: ക്രമീകരിച്ചും, അവധിവ്യാപാരം നിരോധിച്ചും, പൊതുവിതരണശൃംഖല ശക്തിപ്പെടുത്തിയും വിലക്കയറ്റത്തിന് ശമനമുണ്ടാക്കാന്‍ കഴിയുമെന്നിരിക്കെ അത്തരം നടപടികള്‍ സ്വീകരിക്കാന്‍ വിസമതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം സാര്‍വ്വദേശീയ പ്രതിഭാസമാണെന്നും അതുപരിഹരിക്കാന്‍ തങ്ങളുടെ കൈയ്യില്‍ മാന്ത്രികവടിയില്ലെന്നുമാണ് വിശദീകരിക്കുന്നത്. ആഗോളീകരണ നയങ്ങള്‍ വാരിപ്പുണര്‍ന്ന രീതി തിരുത്തുന്നതിലൂടെതന്നെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. എന്നാല്‍ അതിനുപകരം സമസ്തമേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുകയെന്ന ആഗോളീകരണത്തിന്റെ അന്ത:സത്ത കടുത്തരീതിയില്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. കാര്‍ഷികപ്രധാനമായ നമ്മുടെ രാജ്യത്ത് ഭക്ഷ്യസാധനങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അനുയോജ്യമായ നിലപാടാണ് സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ  പ്രാഥമിക മേഖലയെന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്ക് അര്‍ഹമായ പ്രധാന്യവും ഊന്നലും നല്കുന്നവിധത്തില്‍ പഞ്ചവത്സരപദ്ധതികളും രൂപപ്പെടുത്തി. കര്‍ഷകര്‍ക്ക് വിത്തിനും വളത്തിനും സബ്‌സിഡി നല്കുന്ന സമീപനങ്ങള്‍ സ്വീകരിച്ചു. അതോടൊപ്പം ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് ന്യായമായ വിലനല്കി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതിന് പൊതുവിതരണസമ്പ്രദായം കെട്ടിപടുത്തു. എന്നാല്‍ ഇന്ന് സ്ഥിതി മാറിക്കഴിഞ്ഞു. സബ്‌സിഡികള്‍ ഇല്ലാതാക്കുകയും എഫ് സി ഐ യെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്ന നടപടികളിലൂടെ കാര്‍ഷികമേഖലയ്ക്ക് ചരമക്കുറിപ്പെഴുതുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യസ്വയംപര്യാപ്തതകൈവരിച്ച രാജ്യത്താണ് ഭക്ഷ്യക്ഷാമത്തിന്റെ പുതിയ അവസ്ഥാവിശേഷം കൂടി ഉയര്‍ന്നുവന്നിരിക്കുന്നത്.  ഈ തലതിരിഞ്ഞ നയങ്ങള്‍ രാജ്യത്തെ എക്കാലത്തേയും സുപ്രധാനനേട്ടമായ ഭക്ഷ്യസ്വയം പര്യാപ്തതയുള്‍പ്പെടെ തകിടം മറിച്ചു. അവധിവ്യാപാരവും ഊഹക്കച്ചവടവും പകരം പ്രോത്സാഹിപ്പിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയില്‍ അധീശത്വം സ്ഥാപിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. വിത്തിറക്കുന്നതിനുമുമ്പുതന്നെ വിലപറഞ്ഞ് ഭക്ഷ്യസാധനങ്ങള്‍ തുച്ഛമായ വിലയ്ക്ക് കൈയ്യടക്കാന്‍ ഇതുവഴി കുത്തകകള്‍ക്ക് സാധിച്ചു.  പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വ്യാപകമായതോടെ ക്രമാതീതമായ വിലക്കയറ്റവും തുടര്‍ച്ചയായി. കര്‍ഷകനുലഭിക്കുന്ന വിലയെക്കാള്‍ ഇരട്ടിയിലേറെവിലയ്ക്കാണ് ഈ സാധനങ്ങള്‍ കമ്പോളത്തിലെത്തുന്നത്.




രാജ്യത്ത് വിലക്കയറ്റം നിയന്ത്രിച്ച് ഭക്ഷ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ജനങ്ങളിലെത്തിയ്ക്കുന്നതിനുള്ള പ്രധാനപോംവഴി പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുകയാണ്. കേരളത്തിലുള്‍പ്പെടെ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിസന്ധിഘട്ടത്തിലും അത്രകണ്ട് വിലക്കയറ്റം അനുഭവപ്പെടാത്തത് ശക്തമായ പൊതുവിതരണശൃംഖലയുള്ളതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രിതന്നെയും സമ്മതിച്ചതുമാണ്. ലോക്‌സഭയില്‍ ഇക്കാര്യം പ്രസ്താവിക്കുന്ന ഘട്ടത്തില്‍ പക്ഷെ കേരളത്തിലെ യു ഡി എഫ് നേതാക്കളും ചില മാധ്യമങ്ങളും എന്തുകൊണ്ടോ ബധിരരായിപ്പോയി. ഉദാരവത്ക്കരണ നയങ്ങളെ അത്രകണ്ട് ആശ്ലേഷണം ചെയ്ത് പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്ന സമീപനമാണ് അപ്പോഴും കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ആവശ്യമായ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുകയും റേഷന്‍കടകളില്‍നിന്ന് അതുവഴി ജനങ്ങളെ അകറ്റുകയും ചെയ്യുന്ന സമീപനമാണ് ഇപ്പോഴുതുടരുന്നത്. എ പി എല്‍, ബി പി എല്‍ വിഭജനമുണ്ടാക്കി സ്റ്റാട്ട്യൂട്ടറി റേഷന്‍സമ്പ്രദായങ്ങളിലൂടെ എല്ലാവര്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ബി പി എല്‍ ലിസ്റ്റിലുള്ളവര്‍ക്കുമാത്രമായി പരിമിതപ്പെടുത്തുകയും ബി പി എല്‍ ലിസ്റ്റുതന്നെ വെട്ടിച്ചുരുക്കുകയും ചെയ്തു.  ദാരിദ്ര്യരേഖ സംബന്ധിച്ച് തികച്ചും അനുചിതമായ മാനദണ്ഡമുണ്ടാക്കി മഹാഭൂരിപക്ഷത്തെ ഈ ആനുകൂല്യ പരിധിയില്‍നിന്നും പുറംതള്ളുക എന്ന ഹിഡന്‍ അജണ്ടതന്നെയാണ് ഇതിനു പിന്നില്‍.  (ദേശീയ ശരാശരികണക്ക് : പട്ടിക വയ്ക്കണം)
വിലക്കയറ്റം തടയാന്‍ പരിമിതികള്‍ക്കുള്ളില്‍നിന്നും ആശ്വാസകരമായ ഓട്ടേറെ നടപടികള്‍ സ്വീകരിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായി. അരിക്കട തുടങ്ങിയതും പുഴുക്കലരി 14 രൂപയ്ക്കും പച്ചരി 13.50 രൂപയ്ക്കും വിപണിയില്‍ ലഭ്യമാക്കിയതും 2 രൂപയ്ക്ക് അരിയും ഗോതമ്പും വിതരണം ചെയ്തതും ഇതില്‍  പ്രധാനമാണ്. 26 ലക്ഷം ജനങ്ങള്‍ക്ക് ഒരേ സമയം ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുണ്ടായി. ചില്ലവ്യാപാരരംഗത്തെ കുത്തകകളെ നേരിടാന്‍ വിപുലമായ പദ്ധതികള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിയ്ക്കുകയുണ്ടായി.  മാവേലിസ്റ്റോര്‍, ലാഭംമാര്‍ക്കറ്റ്, പീപ്പിള്‍സ്ബസാര്‍, അപ്നാബസാര്‍ തുടങ്ങിയവയിലൂടെ 40% വരെ വിലകുറച്ചാണ് നിത്യോപയോഗസാധനങ്ങള്‍ വിതരണംചെയ്തുവരുന്നത്. ഈ ഇനത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്കി കമ്പോളത്തില്‍ ഇടപെടല്‍ നടത്താനായി 105 കോടിരൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെലവിടുന്നത്. വിലക്കയറ്റം തടയാന്‍ എ ആര്‍ ഡി യുടെ ശബരിസ്റ്റോറുകളുള്‍പ്പെടെ മൂന്നുകൊല്ലത്തിനിടയില്‍ 605 സ്ഥാപനങ്ങള്‍ സപ്ലൈകോ മുഖാന്തരം പ്രവര്‍ത്തിക്കുന്നു. 40 മുതല്‍ 70 ശതമാനംവരെ വിലക്കുറവ് പൊതുവിപണി അപേക്ഷിച്ച് ഇവിടെ ലഭിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡും ഹോര്‍ട്ടികോര്‍പ്പും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്നു. സഹകരണമേഖലയിലെ ഇടപെടലുകളും ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്കിവരുന്നു. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്പാദനസംസ്ഥാനത്തേക്കാള്‍ വിലക്കുറവ് ഉപഭോഗസംസ്ഥാനമായ കേരളത്തിലാണെന്ന് കാണാന്‍ സാധിക്കും. 2009 മെയ് മാസത്തില്‍ പുറത്തുവന്ന ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ്‌മെന്റില്‍ ഇരുപതുസംസ്ഥാനങ്ങളിലെ വിലനിലവാരസര്‍വ്വേയില്‍ കേരളം പതിനാറാം സ്ഥാനത്താണ്. അതായത് വിലക്കുറവ് അനുഭവപ്പെടുന്ന ആദ്യനാല് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് ചുരുക്കം.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകാതെ പലസംസ്ഥാനങ്ങളും നിസഹായാവസ്ഥ പ്രകടിപ്പിക്കുമ്പോള്‍ കേരളം സ്വീകരിക്കുന്ന ശക്തവും തീക്ഷ്ണവുമായ നടപടികള്‍ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടും വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ശ്രമം യഥാര്‍ത്ഥ കാരണക്കാരെ വെള്ളപൂശുന്നതിനുവേണ്ടിയിട്ടാണ്. ഇപ്പോള്‍ കൊട്ടിഘോഷിച്ചുകൊണ്ട് അവതരിക്കപ്പെട്ട ഫുഡ് സെക്യൂരി ആക്ടും സംസ്ഥാനത്തെ പൊതുവിതരണത്തെ അപകടപ്പെടുത്തുന്നതാണെന്ന് തിരിച്ചറിയണം. നിര്‍ദ്ദിഷ്ടനിയമത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. ബി പി എല്‍ കാര്‍ക്ക് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 35 കിലോഗ്രാം, 25 കിലോഗ്രാമായി ചുരുങ്ങും. മാത്രമല്ല ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്ന വ്യവസ്ഥയുമുണ്ട്. ബി പി എല്‍ അംഗസംഖ്യ തിട്ടപ്പെടുത്താനുള്ള അവകാശം അപ്പോഴും കേന്ദ്രത്തിനായിരിക്കുമെന്നതും കൂടെ പ്രത്യേകം കാണണം. എ പി എല്‍ വിഭാഗത്തിന് സബ്‌സിഡിനിരക്കില്‍ ഭക്ഷ്യധാന്യവിതരണം ഉണ്ടാകില്ല. ഇത് നടപ്പിലാക്കിയാല്‍ കേരളത്തിലെ 50 ലക്ഷം എ പി എല്‍ കുടുംബാംഗങ്ങള്‍ പൊതുവിതരണപരിധിയില്‍നിന്നും പുറത്താകും. ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിക്കാതെ മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭക്ഷ്യസബ്‌സിഡിയ്ക്കായി നീക്കിവെയ്ക്കാന്‍ കൈയില്‍ പണമില്ലെന്നാണ് ഇതിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി. എന്നാല്‍ 2009-10 ലെ ബഡ്ജറ്റില്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് നാലുലക്ഷം കോടിരൂപയാണ് നികുതിയിളവായി കേന്ദ്രസര്‍ക്കാര്‍ നല്കിയത്. നികുതിയിളവും മറ്റുമായി ജി ഡി പി യുടെ 8% ഇളവുനല്കുമ്പോള്‍ ഭക്ഷ്യസബ്‌സിഡിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത് ജി ഡി പിയുടെ വെറും 1.8 ശതമാനം മാത്രമാണ്.
വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകാതെ പലസംസ്ഥാനങ്ങളും നിസഹായാവസ്ഥ പ്രകടിപ്പിക്കുമ്പോള്‍ കേരളം സ്വീകരിക്കുന്ന ശക്തവും തീക്ഷ്ണവുമായ നടപടികള്‍ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തിട്ടും വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള പ്രതിപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടേയും ശ്രമം യഥാര്‍ത്ഥ കാരണക്കാരെ വെള്ളപൂശുന്നതിനുവേണ്ടിയിട്ടാണ്. പട്ടിണിയും ഭക്ഷ്യകലാപത്തിന്റെ സാദ്ധ്യതകള്‍പോലും തള്ളിക്കളയാനാവില്ലെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പുനല്കുമ്പോഴും കോര്‍പ്പറേറ്റ് സേവയില്‍ സര്‍വ്വകാലറെക്കാര്‍ഡിടുകയാണ് കോണ്‍ഗ്രസിന്റെ നയപൈകൃതങ്ങളെ മാധ്യമങ്ങള്‍ കാണുന്നില്ല.  കേന്ദ്രസര്‍ക്കാരും. വിലക്കയറ്റം കേന്ദ്രഗവണ്‍മെന്റിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുടെ സൃഷ്ടിയാണെന്ന വസ്തുത തിരിച്ചറിയാതെ വിലക്കയറ്റം തടയാനുള്ള പ്രക്ഷോഭത്തെ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിച്ചപ്രക്ഷോഭമാണ് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നത്.

0 comments: