ഇന്ത്യയില്‍ ചരിത്രത്തിലുടനീളം ജാതിയും സമുദായവും രാഷ്ട്രീയവും നിലനിന്നിരുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ ഈ പ്രബന്ധത്തിന്റെ തലക്കെട്ട് ഇടയാക്കിയേക്കും.
ചരിത്രപരമായി ഇത് വാസ്തവമല്ല. എന്തുകൊണ്ടെന്നാല്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രാചീന കാലഘട്ടത്തില്‍ - സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തില്‍ - ജാതിയോ മത സമുദായമോ ഉണ്ടായിരുന്നില്ല. പിന്നീടുള്ള കാലഘട്ടങ്ങളിലാണ് ഈ പ്രതിഭാസങ്ങളില്‍ ഓരോന്നും ഉടലെടുത്തും വികസിച്ചതും അവയുടെ ഉദ്ഭവവും വികാസവും ചരിത്രഗവേഷണത്തിന് വിഷയമാകേണ്ട കാര്യങ്ങളാണ്. ആ രംഗത്തേക്ക് കടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഒരു ഘട്ടത്തില്‍ - ബ്രിട്ടീഷ് ആക്രമണത്തിന്റെ ഘട്ടത്തില്‍ മഹത്തായ ഈ രാജ്യത്തെ ഒരു ബ്രിട്ടീഷ് കോളനിയാക്കി മാറ്റുന്നതില്‍ ഈ പ്രതിഭാസങ്ങള്‍ എന്തു സംഭാവന നല്‍കി എന്ന് പരിശോധിക്കുന്നതാണ് കൂടുതല്‍ പ്രധാനം. ചരിത്രപരമായ ഭൗതികവാദത്തിന്റെ സ്ഥാപകനായ കാള്‍ മാര്‍ക്‌സ്, 1853 ല്‍ എഴുതിയ ഒരു പത്രലേഖനത്തില്‍ പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ ഇവിടെ വളരെയേറെ മാര്‍ഗദര്‍ശകമാണ്.
പ്രവിശ്യകളിലെ മുഗള്‍ഭരണാധികാരികള്‍ മഹത്തായ (ബൃഹത്തായ) മുഗള്‍ സാമ്രാജ്യത്തെ തകര്‍ത്തു. മറാഠര്‍ ഈ പ്രവിശ്യാധികാരികളെ തകര്‍ത്തു. അഫ്ഗാനികള്‍ മറാഠരെ തകര്‍ത്തു. അങ്ങനെ എല്ലാവരും എല്ലാവര്‍ക്കുമെതിരായി മല്ലടിച്ചുകൊണ്ടിരുന്നപ്പോള്‍ കടന്നു വന്ന ബ്രിട്ടീഷുകാര്‍ അവരെയെല്ലാം തളര്‍ത്തി.
ഇതെന്തുകൊണ്ടു സംഭവിച്ചു? മാര്‍ക്‌സ് ഉത്തരം നല്‍കുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലെന്നതിനു പുറമേ ഗോത്രങ്ങള്‍ തമ്മില്‍ തമ്മിലും വഴക്കിട്ടു നിന്ന ഒരു രാജ്യമാണ്ത്. പൊതുവിലുള്ള വെറുപ്പിന്റെയും അതില്‍പ്പെട്ടവരുടെയും സഹജമായ അകല്‍ച്ചയുടെയും ഫലമായുള്ള എന്തോ ഒരുതരം സന്തുലനത്തില്‍ അധിഷ്ഠിതമായിരുന്ന ഒരു സമൂഹമാണത്. അങ്ങനെയുള്ള ഒരു രാജ്യവും അങ്ങനെയുള്ള ഒരു സമൂഹവും ആരുടെയെങ്കിലും വെട്ടിപ്പിടുത്തത്തിന് ഇരയായില്ലെങ്കിലല്ലേ അത്ഭുതത്തിനവകാശമുള്ളൂ? ഇന്ത്യയുടെ പഴയ ചരിത്രത്തെപ്പറ്റി നമുക്ക് യാതൊന്നുമറിയില്ലെന്നു വച്ചാല്‍ തന്നെയും ഇന്ത്യയെ ഈ സന്ദര്‍ഭത്തിലും ഇംഗ്ലീഷ് അടിമത്തത്തില്‍ അടക്കിനിര്‍ത്തിയിരിക്കുന്നത് ഇന്ത്യ തന്നെ ചെലവിനു കൊടുക്കുന്ന ഒരു ഇന്ത്യന്‍ സൈന്യമാണെന്ന അനിഷേധ്യമായ വസ്തുത നമ്മുടെ മുമ്പിലില്ലേ?
അങ്ങനെ ''ഇന്ത്യയില്‍ ജാതിയുടെയും സമുദായത്തിന്റെ രാഷ്ട്രീയത്തിന്റെയും വികാസം'' രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനും, രാജ്യത്തെ സാമൂഹ്യഘടന, സമ്പദ്ഘടന, രാഷ്ട്രീയം, സംസ്‌കാരം എന്നിവയ്ക്കുമേല്‍ വിദേശാധിപത്യം സ്ഥാപിതമാകുന്നതിനും ഇടയാക്കി. എന്നാല്‍ ഈ സ്വാതന്ത്ര്യം നഷ്ടമായത്, വിദേശാധിപതികള്‍ക്കെതിരെ ജനകീയഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനതയെ ബോധ്യപ്പെടുത്തി. പിറന്ന ജാതി, മതവിശ്വാസാനുഷ്ഠാനങ്ങള്‍ സംസാരഭാഷ - ഇതൊക്കെ എന്തുതന്നെയായാലും ഇന്ത്യാക്കാരെല്ലാം ഒന്നാണെന്ന ബോധം, പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭം കുറിച്ച് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഉളവാക്കി.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പരിപാടിയിലെ മുഖ്യ ഇനങ്ങള്‍ താഴെപ്പറയുന്നവയായിരുന്നുവെന്നത് അര്‍ഥവത്താണ്.
1. ഹിന്ദു മുസ്ലീം ഐക്യം
2. ഹിന്ദു സമുദായത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരും പിന്നോക്കക്കാരുമായ ജാതികളുടെയും ഗോത്രങ്ങളുടെയും ഉദ്ധാരണം;
3. മാതൃഭാഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബോധന മാധ്യമവും ഭരണഭാഷയുമാക്കല്‍;
4. പ്രവിശ്യകളെയും സംസ്ഥാനങ്ങളെയും ഭാഷാടിസ്ഥാനത്തില്‍ പുന:സംഘടിപ്പിക്കല്‍ മുതലായവയാണത്.
സ്വാതന്ത്ര്യ പ്രസ്ഥാനം ഇങ്ങനെ ദേശീയ ഐക്യത്തിന്റേതായ ഒരു പരിപാടി ആവിഷ്‌ക്കരിച്ചുവെങ്കിലും രാഷ്ട്രീയ സംഘടനകളുടെയും പാര്‍ട്ടികളുടെയും നേതാക്കളോ അണികളോ ജാതി-മത മനോഭാവത്തില്‍ നിന്ന് വിമുക്തരായില്ല. ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍-സവര്‍ണ്ണ ഹിന്ദുക്കള്‍ വിശേഷിച്ചും - രാജ്യം സ്വാതന്ത്ര്യം നേടിയാല്‍ പുരാതന മൗര്യ-ഗുപ്ത സാമ്രാജ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് സ്വപ്നം കണ്ടു. മുസ്ലീം സമുദായത്തില്‍ നിന്നുള്ള അവരുടെ അതേ തരക്കാര്‍ ഇതുപോലെ സ്വപ്നം കണ്ടത് ദല്‍ഹി സുല്‍ത്താന്‍ വാഴ്ചയും മുഗള്‍സാമ്രാജ്യവും പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു; അവരുടെ കണ്ണില്‍ അതായിരുന്നു യഥാര്‍ത്ഥ സ്വാതന്ത്ര്യം. ഹൈന്ദവ ജാതികളിലും ഗോത്രസമുദായങ്ങളിലുംപെട്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും പങ്കാളികള്‍ക്കും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഇന്ത്യയെക്കുറിച്ച് അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
സ്വാതന്ത്ര്യപ്രസ്ഥാനത്തിന് എതിരായ തങ്ങളുടെ സമരത്തില്‍ പ്രയോഗിക്കാവുന്ന ശക്തമായ ഒരായുധം ജാതീയതിയിലും മറ്റും ഉണ്ടെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ കണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഹൈന്ദവമായ ഇന്ത്യന്‍ യൂണിയനും മുസ്ലീങ്ങളുടേതായ പാകിസ്ഥാനുമായി ഇന്ത്യയെ ആത്യന്തികമായി വിഭജിക്കുന്നതില്‍ അവരുടെ അടവുകള്‍ ചെന്ന് കലാശിച്ചു. ജാതീയവും സാമുദായികവും മറ്റുമായ ഛിദ്രശക്തികളെ ഉപയോഗപ്പെടുത്തിയതിന് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് കഴിവേകുന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ സ്വാഭാവവിശേഷം യുഗങ്ങളായി നിലനിന്നിരുന്നുവെന്ന് ഗൗരവബോധമുള്ള ദേശീയവാദികള്‍ അംഗീകരിക്കണം.
1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്രപശ്ചാത്തലം ഇതായിരുന്നു. സാമുദായികാടിസ്ഥാനത്തില്‍ രാജ്യം രണ്ടായി വിഭജിക്കപ്പെടുക മാത്രമല്ല, സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള രാഷ്ട്രീയം ഹൈന്ദവ-മുസ്ലീം പുനരുത്ഥാനവാദം, ഹൈന്ദവ സമുദായത്തിലെ കീഴ്-മേല്‍ ജാതികളുടെ സങ്കുചിതത്വം വിഭാഗീയത എന്നിവയുടെയും മറ്റു പല ഛിദ്രശക്തികളുടെയും ചുറ്റുമായികറങ്ങുകയായിരുന്നു. അതിനാല്‍ മതേതര ജനാധിപത്യവാദികള്‍ രാഷ്ട്രത്തിന്റെ ഭാവിയെയും അതിന്റെ ഐക്യത്തെയും അഖണ്ഡതയെയും സംബന്ധിച്ച് ശരിയായും അസ്വാസ്ഥ്യം കൊള്ളുന്നു. അവരുടെ ആശങ്കകളിലും അസ്വാസ്ഥ്യങ്ങളിലും പങ്കുചേരുമ്പോള്‍ തന്നെ ഈ ദു:സ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന തികഞ്ഞ പ്രത്യാശ എനിക്കുണ്ട്. എന്തുകൊണ്ടെന്നാല്‍, ജാതീയതയുടെയും വര്‍ഗീയതയുടെയും ഇതരവിഭാഗീയ ശക്തികളുടെയും മുന്നറ്റം തടയാന്‍ സഹായകമായ രണ്ട് ശക്തികളുണ്ട്.
ഒന്നാമതായി ദേശീയൈക്യത്തിനും കെട്ടുറപ്പിനും വേണ്ടി നിലകൊണ്ട സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകം. ജാതീയതക്കും വര്‍ഗീയതക്കും ഇതര വിഭാഗീയ-ശിഥിലീകരണശക്തികള്‍ക്കും എതിരെ നിലകൊള്ളാന്‍ സന്നദ്ധരായ, പതിനായിരക്കണക്കില്‍ വരുന്ന സാധാരണ കോണ്‍ഗ്രസുകാരും ഇതര രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളും ഒരു കക്ഷിയും പെടാത്തവരായ ജനാധിപത്യവാദികളും.
രണ്ടാമതായി, വ്യാവസായിക-കാര്‍ഷിക തൊഴിലാളികള്‍ അധ്വാനിക്കുന്ന കര്‍ഷകരും ഇടത്തരക്കാരും, ബുദ്ധിജീവികള്‍, ഉപരിവര്‍ഗങ്ങളിലെ തന്നെ പുരോഗമനവിഭാഗങ്ങള്‍ തുടങ്ങി അധ്വാനിക്കുന്ന ജനങ്ങളുടെ സംഘടിത വര്‍ഗപ്രസ്ഥാനങ്ങള്‍. ജാതി-സമുദായ-ഗോത്ര-ഭാഷാഭേദങ്ങള്‍ക്കതീതമായി സാമാന്യജനതയുടേതായ ഒറ്റക്കൊടിക്കീഴില്‍ അവരുടെ സംഘടനകളെയും സമരങ്ങളെയും ഒന്നിപ്പിക്കുന്നു. ദേശീയൈക്യത്തിനെയും ഉദ്ഗ്രഥനത്തിനും കരുത്തേകുന്ന വേദി ഇതാണ്.
''ഇന്ത്യയില്‍ ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ'' ഉദ്ഭവിക്കുകയും വികസിക്കുകയും ചെയ്തതിനെക്കുറിച്ച് ഗവേഷണം നടത്തുകയല്ല, മറിച്ച് ജാതീയവും സാമുദായികവും മറ്റുമായ വിഭാഗീയശക്തികളുടെ രാഷ്ട്രീയത്തിനെതിരെ കര്‍മരംഗത്തിറങ്ങുകയാണ് പ്രധാനമെന്ന് ഉപസംഹാരമായി ഞാന്‍ പ്രസ്താവിക്കട്ടെ. കേരളത്തെ സംബന്ധിച്ച് ഇതാണ് വാസ്തവം.
Sunday, January 9, 2011
ജാതിയും സമുദായവും രാഷ്ട്രീയവും യുഗങ്ങളിലൂടെ
Posted by T V Rajesh on 1:14 AM. - No comments






0 comments:
Post a Comment