ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ-ഭീകരവാദ സംഘങ്ങള്‍ക്ക് മതദര്‍ശനങ്ങളുമായോ സംഘടിതമത നേതൃത്വവുമായോ നേരിട്ടുബന്ധമില്ലെന്ന യാഥാര്‍ത്ഥ്യം ഏവര്‍ക്കും അറിയുന്നതാണ്. മതദര്‍ശനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് അടിപ്പെട്ട മതഭ്രാന്തന്‍മാരായി മാറിയവരുടെ ചെറു സംഘങ്ങളാണ് മതഭീകരത സൃഷ്ടിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായി മതഭീകരസംഘങ്ങളെ കാണുന്നതാണ് കൂടുതല്‍ യുക്തിസഹം. മാഫിയാസംഘങ്ങള്‍, മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങള്‍, ആയുധകടത്തുകാര്‍, വംശീയവാദികള്‍, രാഷ്ട്രീയ ക്രിമിനല്‍ സംഘങ്ങള്‍, മതഭീകരസംഘങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന 'സംഘടിത കുറ്റകൃത്യങ്ങളുടെ ലോകം' ആഗോളാടിസ്ഥാനത്തില്‍ അതിശക്തമായ ഒരു ഒരു സമാന്തര ലോകം സൃഷ്ടിച്ചിരിക്കുന്നു. എല്‍ ടി ടി ഇ, മാവോയിസ്റ്റ് തീവ്രവാദികള്‍ കാശ്മീരിലെ ജീഹാദി ഭീകരന്മാര്‍, താലിബാന്‍ എന്നിവയ്‌ക്കെല്ലാം ആയുധങ്ങള്‍ ലഭിക്കുന്നത് ഒരേ സ്രോതസ്സില്‍ നിന്നാണ്. ഇവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 80% ല്‍ലധികം അമേരിക്കയില്‍ നിര്‍മ്മിച്ചവയാണ്. ഈ ആയുധങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന ശൃംഖലയുടെ നിയന്ത്രണം ഇസ്രായേലി ചാരസംഘടനയായ 'മൊസദി' നാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്കന്‍ ആയുധങ്ങള്‍ ലഭിയ്ക്കാന്‍ 'മൊസദി'ന്റെ സേവനം ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ചുരുക്കത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തുനില്‍ക്കുന്ന സയണിസ്റ്റുകള്‍ക്കും താലിബാനികള്‍ക്കും ഒരേ സ്രോതസ്സില്‍ നിന്ന് ആയുധങ്ങളും പരിശീലനവും ലഭിക്കുന്നുവെന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ലോകത്തില്‍ ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിച്ചിരുന്ന രാഷ്ട്രം താലിബാന്‍ -അഫ്ഗാനിസ്ഥാന്‍ ആയിരുന്നു. 1999 ലെ യു എന്‍ ഡ്രഗ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുപ്രകാരം 46000 മെട്രിക്ക് ടണ്‍ കറുപ്പാണ് അംഗ്ഫാനിസ്ഥാനില്‍ ഒരു വര്‍ഷം ഉത്പ്പാദിപ്പിക്കുന്നത്. ലോകത്തിന്റെ മറ്റെല്ലാപ്രദേശങ്ങളിലും ഉണ്ടാക്കുന്നതിന്റെ മൂന്നിരട്ടി വരുമിത്. താലിബാനികള്‍ ഉണ്ടാക്കുന്ന കറുപ്പും കഞ്ചാവും വാങ്ങി യൂറോപ്പിലും അമേരിക്കയയിലും വിതരണം ചെയ്യുന്നത് റഷ്യന്‍-ഇറ്റാലിയന്‍ മാഫിയകളാണ്. ഇവരാണ് താലിബാനികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് കുറ്റകൃത്യങ്ങളുടെ ലോകം തികച്ചും മതേതരമാണെന്നാണ്. സാമ്രാജ്യത്വം കമ്യൂണിസ്റ്റ് പാര്‍ട്ടികളേയും പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങളേയും തകര്‍ക്കാന്‍ പരിശീലനവും ആയുധവും നല്‍കി വളര്‍ത്തിയെടുത്തവരാണ് താലിബാന്‍ അടക്കമുള്ള മതഭീകരസംഘങ്ങള്‍. ഇറ്റാലിയന്‍ മാഫിയയുടെ ഉത്ഭവംതന്നെ കമ്യൂണിസ്റ്റുകാരെ നശിപ്പിക്കാനായിരുന്നു.
സമീപകാലത്ത് കള്ളനോട്ട്-കുഴല്‍പ്പണമാഫിയയും മതതീവ്രവാദസംഘങ്ങളും ചേര്‍ന്ന് കോടിക്കണക്കിന് കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക പരിഷ്‌കാരത്തിന്റെ ഭാഗമായി വിദേശനാണയവിനിമയ ചട്ടത്തില്‍ വരുത്തിയ മാറ്റം ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മറയായിത്തീരുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്്. അനധികൃതമായി പ്രവഹിക്കുന്ന 'കള്ളപ്പണം' സംഘടിക കുറ്റകൃത്യങ്ങളുടെ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ വിനിയോഗിക്കുന്നുണ്ട്. യുവത്വത്തിന്റെ ചിഹ്നവും ആവേശവുമായ ഹൈപവര്‍ ബൈക്കുകളും മള്‍ട്ടിപര്‍പസ് മൊബൈല്‍ ഫോണുകളും നല്‍കി ചെറുപ്പക്കാരെ തീവ്രവാദത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നു. കായികപരിശീലനം നല്‍കി യുവാക്കളെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി മാറ്റുന്നു. ഈ സാഹചര്യത്തില്‍ വേണം 'ലവ് ജിഹാദ്' സംബന്ധിച്ച വിവാദങ്ങളെ നോക്കിക്കാണാന്‍. 'ക്ലിനിക്കല്‍ ജിഹാദ്', ടെക്‌നോ-ജിഹാദ്, സൈബര്‍ ജിഹാദ് തുടങ്ങിയ പദങ്ങളും ലവ് ജിഹാദിനോടൊപ്പം ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതും മുസ്ലീം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമായ ഇത്തരം പദപ്രയോഗങ്ങളും വിവാദങ്ങളും മതനിരപേക്ഷ സംസ്‌കാരത്തിന് കടുത്ത ഭീഷണിയാണ്.
മുസ്ലിം സമുദായത്തിലെ ഒരു അതിസൂക്ഷ്മന്യൂനപക്ഷം മതതീവ്രവാദത്തിലേയ്ക്കും ഭീകരവാദത്തിലേക്കും നീങ്ങിക്കഴിഞ്ഞു എന്നത് ഒരു യഥാര്‍ത്ഥ്യമാണ്. ഫാസിസ്റ്റ് സ്വഭാവം കൈവരിച്ച ഹിന്ദുത്വ പരിവാരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധുത നല്‍കാന്‍ എന്‍ ഡി എഫ് അടക്കമുള്ള സംഘടനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നു. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നതാണ് 'ലവ്ജിഹാദി'കളുടെ പ്രവര്‍ത്തനരീതിയെന്ന് മാധ്യമങ്ങള്‍ പറയുന്നു.
യുവാക്കളെ തീവ്രവാദത്തിലേക്കും അതുവഴി സംഘടിതകുറ്റകൃത്യങ്ങളുടെ ലോകത്തേയും നയിക്കാന്‍ മതവിശ്വാസം, പണം തുടങ്ങി സാധ്യമായ സകലതിനേയും ഭീകരവാദികള്‍ ഉപയോഗിക്കുന്നുണ്ട്. 'ലവ് ജിഹാദ്' എന്ന പ്രചരണം നിഷ്‌കളങ്കരായ ഒരു വിഭാഗത്തിന്റെയെങ്കിലും ഇടയില്‍ സജീവചര്‍ച്ചയാക്കി മാറ്റുന്നതില്‍ ചിലര്‍ വിജയിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പ്രണയത്തെ മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനും ഉള്ള ഉപാധിയാക്കി ഉപയോഗിക്കുന്നുവെന്ന് സംഘപരിവാറും മുസ്ലീം തീവ്രവാദികളും പരസ്പരം ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുസ്ലീം വിദ്യാര്‍ത്ഥിനി കള്‍ക്കുമാത്രം രഹസ്യമായി വിതരണം ചെയ്ത നോട്ടീസില്‍ ഇപ്രകാരം പറയുന്നു ''ആര്‍ എസ് എസ് നേതൃത്വത്തിലുള്ള ഹിന്ദുഫാസിസ്റ്റുകള്‍ സാധ്യമായത്ര മുസ്ലീം പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു. മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഹിന്ദുയുവാക്കള്‍ക്ക് ആര്‍ എസ് എസ്സുകാര്‍ സഹായം നല്‍കുന്നു''. മുസ്ലീം യുവതികളുടെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തൊഗാഡിയമാര്‍ ഇറക്കിയ തിട്ടൂരവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചുവിവാഹം കഴിച്ചുവെന്നാരോപിച്ച് കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ബാലകൃഷ്ണനെ വെട്ടിക്കൊന്നതും ഇതരമതസ്ഥര്‍ക്കൊപ്പം യാത്രചെയ്യുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന് ആക്രോശിച്ച് കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ സ്‌കൂളിലെ പഠനയാത്ര മുടക്കിയതും ഉള്‍പ്പെടെ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ എന്‍ ഡി എഫ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഇരുപക്ഷവും പെണ്‍കുട്ടികളേയും പ്രണയത്തേയും മുന്‍നിര്‍ത്തി അതിനീചമായ ഒരു പ്രചരണ യുദ്ധമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമതങ്ങളില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള നിന്ദ്യമായ നീക്കം അത്യന്തം അപകടകരമാണ്.
ഈ സാഹചര്യത്തില്‍ കേരളത്തിലെ കലാലയങ്ങളിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന മതതീവ്രവാദസംഘങ്ങളെക്കുറിച്ചും അവരുടെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തണം. മതനിരപേക്ഷതയേയും രാഷ്ട്രത്തിന്റെ ഐക്യത്തേയും അപകടപ്പെടുത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലം അനുവദിക്കരുത്. സാമ്രാജ്യത്വശക്തികളും വലതുപക്ഷമാധ്യമങ്ങളും ചേര്‍ന്ന് കാമ്പസുകളില്‍ സൃഷ്ടിച്ച അരാഷ്ട്രീയവാദത്തിന്റെ നിഴലിലാണ് ഇത്തരം മതതീവ്രവാദസംഘടനങ്ങള്‍ പൊട്ടിമുളച്ചത്. കാമ്പസുകളില്‍ വര്‍ഗ്ഗീയസംഘങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് ഉയര്‍ന്ന ബൗദ്ധീകശേഷിയും ചലനാത്മകവും കൈമുതലായ വിദ്യാര്‍ത്ഥികളെയാണ്. പുരോഗമന-മതേതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി-യുവജനസംഘടനകള്‍ക്കുമാത്രമേ ഇത്തരം വര്‍ഗ്ഗീയ വൈറസുകളെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കൂ എന്ന വസ്തുത ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം.
Sunday, January 9, 2011
പ്രചരണങ്ങള്‍ക്കു പിന്നിലെ വര്‍ഗ്ഗീയ അജണ്ട
Posted by T V Rajesh on 1:02 AM. - No comments






0 comments:
Post a Comment